വീണ്ടും എഴുന്നേൽക്കുക
അർദ്ധ മാരത്തണിലെ യുഎസ് റെക്കോർഡ് ഉടമയാണ് ഒളിമ്പിക് ഓട്ടക്കാരനായ റയാൻ ഹാൾ. മത്സര ദൂരമായ 13.1 മൈൽ (21 കിലോമീറ്റർ) അമ്പത്തിയൊമ്പത് മിനിറ്റും നാൽപത്തിമൂന്ന് സെക്കൻഡും എന്ന ശ്രദ്ധേയമായ സമയത്തിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കി, ഒരു മണിക്കൂറിനുള്ളിൽ ഓട്ടം നടത്തിയ ആദ്യത്തെ യുഎസ് അത്ലറ്റായി. റെക്കോർഡ് സൃഷ്ടിച്ച വിജയങ്ങൾ ഹാൾ ആഘോഷിക്കുമ്പോൾ തന്നേ, ഒരു ഓട്ടം പൂർത്തിയാക്കാൻ കഴിയാഞ്ഞതിന്റെ നിരാശയും അദ്ദേഹം അറിഞ്ഞിരുന്നു.
വിജയവും പരാജയവും ആസ്വദിച്ചിട്ടുള്ള ഹാൾ, തന്നെ നിലനിർത്തുന്നത് യേശുവിലുള്ള തന്റെ വിശ്വാസമാണെന്ന് ഏറ്റുപറയുന്നു. സദൃശവാക്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബൈബിൾ വാക്യങ്ങളിലൊന്നായ ''നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും'' (24:16) തനിക്കുള്ള പ്രോത്സാഹജനകമായ ഓർമ്മപ്പെടുത്തലാണ്. ദൈവത്തിൽ വിശ്വസിക്കുകയും അവനുമായി ശരിയായ ബന്ധം പുലർത്തുകയും ചെയ്യുന്ന നീതിമാന്മാർക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്ന് ഈ സദൃശവാക്യംനമ്മെ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, പ്രയാസങ്ങൾക്കിടയിലും അവർ അവനെ അന്വേഷിക്കുന്നത് തുടരുമ്പോൾ, ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി നൽകുന്നതിനു ദൈവം വിശ്വസ്തനാണ്.
നിങ്ങൾ അടുത്തയിടെ, ഒരു വിനാശകരമായ നിരാശയോ പരാജയമോ അനുഭവിക്കുകയും നിങ്ങൾക്ക് ഒരിക്കലും ഒരു മടങ്ങിവരവുണ്ടാകയില്ലെന്നു ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ? നാം നമ്മുടെ ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിലും അവിടുത്തെ വാഗ്ദത്തങ്ങളിലും തുടർന്നും ആശ്രയിക്കണമെന്ന് തിരുവെഴുത്തു നമ്മെ ഉത്സാഹിപ്പിക്കുന്നു. നാം അവനിൽ വിശ്വസിക്കുമ്പോൾ, ഈ ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രയാസങ്ങളെയും - നിസ്സാരമായവ മുതൽ ഗൗരവമെന്നു തോന്നുന്ന പോരാട്ടങ്ങൾ വരെ - നേരിടുന്നതിനുള്ള ശക്തി ദൈവാത്മാവ് നമുക്കു നൽകുന്നു (2 കൊരിന്ത്യർ 12:9).
മഹത്വം
വടക്കൻ ഇംഗ്ലണ്ടുകാർക്കു വളരെയധികം പ്രിയപ്പെട്ട വ്യക്തിയാണ് കത്ബർട്ട്. ഏഴാം നൂറ്റാണ്ടിൽ, ഭൂരിഭാഗം പ്രദേശത്തിന്റെയും സുവിശേഷീകരണത്തിന് ഉത്തരവാദിത്വം വഹിച്ച കത്ബർട്ട് രാജാക്കന്മാരെ ഉപദേശിക്കുകയും ഭരണകാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഡർഹാം നഗരം പണിതത്. എന്നാൽ കത്ബെർട്ടിന്റെ പൈതൃകം ഇവയെക്കാളെല്ലാം കൂടുതൽ മികച്ച മാർഗ്ഗങ്ങളിൽ നിലകൊള്ളുന്നതാണ്.
ഒരു മഹാമാരി ഈ പ്രദേശത്തെ തകർത്തതിനുശേഷം, രോഗബാധിതർക്ക് ആശ്വാസമേകിക്കൊണ്ട് കത്ബർട്ട് പട്ടണങ്ങളിൽ പര്യടനം നടത്തി. ഒരു പട്ടണത്തിൽനിന്നു വിടവാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇനിയാർക്കെങ്കിലുംവേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടോ എന്നദ്ദേഹം പരിശോധിച്ചു. കൊച്ചു കുഞ്ഞിനെ മാറോടുചേർത്തുപിടിച്ച്് ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾക്ക് ഇതിനകം ഒരു മകനെ നഷ്ടപ്പെട്ടു, അവളുടെ കൈയിലിരുന്ന കുട്ടിയും മരണത്തോടടുക്കുകയായിരുന്നു. കത്ബർട്ട് പനിപിടിച്ച ആൺകുഞ്ഞിനെ കൈയ്യിൽ എടുത്ത് അവനുവേണ്ടി പ്രാർത്ഥിച്ചു, അവന്റെ നെറ്റിയിൽ ചുംബിച്ചു. ''ഭയപ്പെടേണ്ടാ, നിന്റെ കുടുംബത്തിൽ ഇനി മറ്റാരും മരിക്കുകയില്ല'' എന്ന് അവളോടു പറഞ്ഞു. ആ കുഞ്ഞു ജീവിച്ചിരുന്നതായാണ് ചരിത്രം.
മഹത്വത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കാൻ യേശു ഒരിക്കൽ ഒരു കൊച്ചുകുട്ടിയെ കൈയ്യിലെടുത്ത് ഇപ്രകാരം പറഞ്ഞു, ''ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ
കൈക്കൊള്ളുന്നു'' (മർക്കൊസ് 9:37). യെഹൂദ സംസ്കാരത്തിൽ ആരെയെങ്കിലും ''സ്വാഗതം'' ചെയ്യുന്നത് അവരെ സേവിക്കുന്നതിനു തുല്യമാണ്. കുട്ടികൾ മുതിർന്നവരെ സേവിക്കുകയാണു വേണ്ടത്, അവർ സേവിക്കപ്പെടുകയല്ല എന്നതിനാൽ ഈ ആശയം ഞെട്ടിക്കുന്നതായിരുന്നു. യേശുവിന്റെ ആശയം? ഏറ്റവും ചെറിയവരെയും താണവരെയും സേവിക്കുന്നതിലാണ് യഥാർത്ഥ മഹത്വം നിലകൊള്ളുന്നത് (വാ. 35).
രാജാക്കന്മാർക്ക് ഒരു ഉപദേഷ്ടാവ്. ചരിത്രത്തെ സ്വാധീനിച്ചയാൾ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു നഗരം നിർമ്മിക്കപ്പെട്ടു. പക്ഷേ, കത്ബെർട്ടിന്റെ പൈതൃകത്തെ സ്വർഗ്ഗം ഇതുപോലെയായിരിക്കും രേഖപ്പെടുത്തുന്നത്: ശ്രദ്ധിക്കപ്പെട്ട ഒരു അമ്മ. ചുംബിക്കപ്പെട്ട ഒരു നെറ്റി. യജമാനനെ പ്രതിഫലിപ്പിക്കുന്ന ഒരു എളിയ ജീവിതം.
വിസ്മരിക്കപ്പെടുന്നില്ല
''അങ്കിൾ, താങ്കൾ എന്നെ ബാർബർ ഷോപ്പിലേക്കും സൂപ്പർ മാർക്കറ്റിലേക്കും കൊണ്ടുപോയ ദിവസം ഓർക്കുന്നുണ്ടോ? ഞാൻ ടാൻ പാന്റ്സും നീല ഷർട്ടും, നേവി-ബ്ലൂ സ്വെറ്ററും ബ്രൗൺ സോക്സും ബ്രൗൺ ഷൂസും ആണ് ധരിച്ചിരുന്നത്. തീയതി 2016 ഒക്ടോബർ 20 വ്യാഴാഴ്ചയായിരുന്നു.'' എന്റെ അനന്തരവന്റെ ഓട്ടിസത്തോടു ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു അവന്റെ ഓർമ്മശക്തി. ഒരു സംഭവം നടന്നു വർഷങ്ങൾക്കു ശേഷം അതു നടന്ന ദിവസവും തീയതിയും അന്നു ധരിച്ചിരുന്ന വസ്ത്രങ്ങളും ഓർത്തിരിക്കുവാനുള്ള അസാധാരണ ഓർമ്മശക്തി അവനുണ്ടായിരുന്നു.
തന്റെ പ്രത്യേക ശാരീരികാവസ്ഥമൂലം എന്റെ അനന്തരവനു ലഭ്യമായിരുന്ന ഓർമ്മശക്തി, സർവ്വജ്ഞാനിയും സ്നേഹവാനുമായ - സമയത്തിന്റെയും നിത്യതയുടെയും സൂക്ഷിപ്പുകാരനായ - ദൈവത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചത്. അവിടുത്തേക്കു വസ്തുതകൾ അറിയാം, തന്റെ വാഗ്ദത്തങ്ങളെയോ ജനത്തെയോ അവിടുന്നു മറക്കുന്നില്ല. മറ്റുള്ളവർ ആരോഗ്യമുള്ളവരോ സന്തുഷ്ടരോ അല്ലെങ്കിൽ കൂടുതൽ വിജയികളോ അല്ലെങ്കിൽ മെച്ചപ്പെട്ടവരോ ആയി കാണപ്പെടുമ്പോൾ, ദൈവം നിങ്ങളെ മറന്നോ എന്നു നിങ്ങൾ ചോദിച്ചുപോയ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ?
പുരാതന യിസ്രായേലിന്റെ, പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ, ''യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നു കളഞ്ഞു'' (യെശയ്യാവ് 49:14) എന്നു പറയാൻ അവരെ പ്രേരിപ്പിച്ചു. പക്ഷെ വസ്തുത അതായിരുന്നില്ല. ദൈവത്തിന്റെ മനസ്സലിവും കരുതലും അമ്മമാർക്കു മക്കളോടുള്ള സ്വാഭാവിക വാത്സല്യത്തെയും കവിയുന്നതായിരുന്നു (വാ. 15). ''ഉപേക്ഷിക്കപ്പെട്ടത്'' അല്ലെങ്കിൽ ''വിസ്മരിക്കപ്പെട്ടത്'' എന്ന ലേബലുകൾ സ്വീകരിക്കുന്നതിനുമുമ്പ്, ദൈവം തന്റെ പുത്രനായ യേശുവിലൂടെയും യേശുവിലും ചെയ്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുക. പാപമോചനം നൽകുന്ന സുവിശേഷത്തിൽ, ''ഞാൻ നിന്നെ മറക്കുകയില്ല!'' (വാ. 15) എന്നു ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
യേശുവിനോടൊപ്പം നടക്കുക
വളരെക്കുറച്ചു ഭക്ഷണം, വാട്ടർപ്രൂഫ് ബൂട്ട്, ഒരു മാപ്പ് എന്നിവയാണ് മലകയറ്റക്കാർ കൊണ്ടുപോകുന്ന ആവശ്യവസ്തുക്കളിൽ ചിലത്. ഈ നടപ്പാതകൾ ഗർത്തങ്ങൾക്കു കുറുകെയും, തടാകങ്ങളെയും വനങ്ങളെയും ചുറ്റിയും പർവ്വതങ്ങൾക്കു മുകളിലേക്കു കുത്തനെയും, അവയ്ക്കു മുകളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ഇവ സാധ്യമാക്കുന്നു. പർവ്വതത്തിന്റെ ഉയരത്തെ അടിസ്ഥാനമാക്കി ഈ യാത്രകൾക്ക് ചില ആഴ്ചകളെടുക്കുമെന്നതിനാൽ, ശരിയായ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത് നിർണ്ണായകമാണ്. കൂടുതലെടുത്താൽ, ഭാരം കാരണം നിങ്ങളുടെ ശക്തി നഷ്ടപ്പെടും; വളരെ കുറവാണെങ്കിൽ യാത്രയ്ക്കു മതിയായ ഭക്ഷണം നിങ്ങൾക്കില്ലാതെപോകും.
യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, നമ്മുടെ യാത്ര നന്നായി പൂർത്തിയാക്കുന്നതിന് നാം കൊണ്ടുപോകുന്ന കാര്യങ്ങളെ സംബന്ധിച്ച് ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ട്. എബ്രായർ 12-ൽ, ''സകല ഭാരവും മുറുകെ പറ്റുന്ന പാപവും'' ഉപേക്ഷിക്കാൻ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. അവൻ നമ്മുടെ ജീവിതത്തെ ''നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടവുമായി'' താരതമ്യപ്പെടുത്തുന്നു. അതിൽ നാം ''ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കണം'' (വാ. 1, 3). പാപത്തിന്റെ ഭാരം ചുമക്കുകയോ ദൈവത്തിന്റെ ഉദ്ദേശ്യത്തിന് പുറത്തുള്ള കാര്യങ്ങളാൽ വ്യതിചലിക്കപ്പെടുകയോ ചെയ്യുന്നത് അനാവശ്യമായ ഭാരം വഹിക്കുന്നതിനു തുല്യമാണ്.
കാനനപാതകളിൽ സഞ്ചരിക്കുന്നവർക്കു പായ്ക്കിംഗ് ലിസ്റ്റുകൾ ഉള്ളതുപോലെ, യേശുവിനെ അനുഗമിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ബൈബിളിൽ ദൈവം നൽകിയിട്ടുണ്ട്. ഏതെല്ലാം ശീലങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമാണ് നമുക്കു കൂടെ കൊണ്ടുപോകാൻ കഴിയുന്നതെന്ന്് തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതിലൂടെ നമുക്കതറിയാൻ കഴിയും. കുറഞ്ഞ ഭാരവുമായി നാം സഞ്ചരിക്കുമ്പോൾ, നമുക്ക് യാത്ര നന്നായി പൂർത്തിയാക്കാൻ കഴിയും.
ദത്തെടുക്കലിന്റെ സൗന്ദര്യം
2009 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ ദി ബ്ലൈൻഡ് സൈഡ്, ഭവനരഹിതനായ ഒരു കൗമാരക്കാരനായ മൈക്കിൾ ഓഹറിന്റെ യഥാർത്ഥ കഥ വിവരിക്കുന്നു. ഒരു കുടുംബം അവനെ സ്വീകരിക്കുകയും പഠന ബുദ്ധിമുട്ടുകൾ മറികടന്ന് അമേരിക്കൻ ഫുട്ബോളിൽ മികവ് നേടാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. ഒരു രംഗത്തിൽ, മാസങ്ങളോളം മൈക്കിൾ അവരോടൊപ്പം താമസിച്ചതിനു ശേഷം അവനെ ദത്തെടുക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കുടുംബം അവനോടു സംസാരിക്കുന്നു. മധുരവും ആർദ്രവുമായ മറുപടിയിൽ, താൻ ഇതിനകം തന്നെ കുടുംബത്തിന്റെ ഭാഗമാണെന്നാണു താൻ കരുതിയതെന്ന് മൈക്കിൾ വിളിച്ചുപറയുന്നു!
ദത്തെടുക്കൽ ഒരു മനോഹരമായ കാര്യമായിരിക്കുന്നതുപോലെ, ഇതും മനോഹരമായ ഒരു നിമിഷമാണ്. ഒരു കുടുംബം ഒരു പുതിയ അംഗത്തിനായി കരങ്ങൾ തുറക്കുമ്പോൾ, സ്നേഹം വിശാലമാകുകയും പൂർണ്ണമായ അംഗീകരണം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. മൈക്കിളിന്റെ ജീവിതത്തെ ആഴത്തിൽ മാറ്റിമറിച്ചതുപോലെ, ദത്തെടുക്കൽ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നതിലൂടെ, വിശ്വാസികൾ ''ദൈവമക്കളായി'' തീരുന്നു (ഗലാത്യർ 3:26). ദൈവം നമ്മെ ദത്തെടുക്കുകയും നാം അവന്റെ പുത്രന്മാരും പുത്രിമാരും ആകുകയും ചെയ്യുന്നു (4:5). ദൈവത്തിന്റെ ദത്തുപുത്രന്മാരെന്ന നിലയിൽ, നാം അവിടുത്തെ പുത്രന്റെ ആത്മാവിനെ സ്വീകരിക്കുകയും, ദൈവത്തെ നാം ''പിതാവ്'' (വാ. 6) എന്നു വിളിക്കുകയും, നാം അവിടുത്തെ അവകാശികളും (വാ. 7) ക്രിസ്തുവിനു കൂട്ടവകാശികളും (റോമർ 8:17) ആയിത്തീരുകയും ചെയ്യുന്നു. നാം അവന്റെ കുടുംബത്തിലെ പൂർണ്ണ അംഗങ്ങളായിത്തീരുന്നു.
മൈക്കിൾ ഓഹർ ദത്തെടുക്കപ്പെട്ടപ്പോൾ, അത് അവന്റെ ജീവിതത്തെയും സ്വത്വത്തെയും ഭാവിയെയും മാറ്റിമറിച്ചു. നാം ദൈവത്താൽ ദത്തെടുക്കപ്പെടുമ്പോൾ ഇതിലും എത്രയോ അധികമാണു സംഭവിക്കുക! അവിടുത്തെ നാം പിതാവായി അറിയുന്നതിനനുസരിച്ച് നമ്മുടെ ജീവിതം മാറുന്നു. നാം അവിടുത്തെ വകയായതിനാൽ നമ്മുടെ സ്വത്വം മാറുന്നു. നമുക്കു മഹത്തായതും ശാശ്വതവുമായ ഒരു അവകാശം വാഗ്ദാനം ചെയ്യപ്പെടുന്നതിനാൽ നമ്മുടെ ഭാവി മാറുന്നു.